കൊയിലാണ്ടി: പൊയില്‍ക്കാവ് കൊലപാതക കേസില്‍ പ്രതിയെ മൂന്ന് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്താനായി വീട്ടിലെത്തിച്ചു.

കുറ്റകൃത്യം നടന്നതിന് ശേഷം പ്രതി പോയ വഴികളിലൂടെ തെളിവെടുപ്പിനായി കൊണ്ടുപോയി. കൊലപാതകം നടന്ന ശേഷം പ്രതിയായ കുട്ടികൃഷ്ണന്‍ വസ്ത്രം മാറ്റിയ ശേഷം വീടിന്റെ വടക്ക് വശം വഴി നടന്ന് പൊയില്‍ക്കാവിലെത്തുകയും പൊയില്‍ക്കാവില്‍ നിന്ന് ബൈപ്പാസില്‍ കയറി ഒരു ഓട്ടോറിക്ഷയില്‍ കൊയിലാണ്ടിയിലേയ്ക്ക് പോവുകയായിരുന്നു.

തുടര്‍ന്ന് കൊയിലാണ്ടി സ്‌കൂളിന് സമീപത്തെ കടയില്‍ നിന്നും ചായ കുടിച്ച ശേഷം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് നടന്നു പോവുകയായിരുന്നു. ഇത്രയും സ്ഥലങ്ങളിലാണ് ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

ജൂണ്‍ 21 രാവിലെയാണ് പൊയില്‍ക്കാവ് നാലുസെന്റ് കോളനിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപം പണിത താല്‍ക്കാലിക ഷെഡില്‍ സുധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ചുകിടന്ന മൃതദേഹത്തിന് സമീപത്തായി ഒരു കൊടുവാളും കണ്ടെത്തിയിരുന്നു.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇവരുടെ വീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി വീടിന്റെ ഫോട്ടോ എടുക്കാന്‍ എത്തിയവര്‍ സുധയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് താമസിച്ചിരുന്ന ഷെഡില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍ പോവുകയും പോലീസ് പിടികൂടുകയുമായിരുന്നു.

തെളിവെടുപ്പില്‍ സി.ഐ വിജേഷ്, എസ്.ഐ ശ്രീജേഷ്, ഗിരീഷ് എസ്.ഐ, എ.എസ്.ഐ ബിജു വാണിയംകുളം, കരീം, ദിവ്യ, പ്രവീണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.