ബ്യൂണസ് ഐറിസ്: അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി (ഹോർഹെ ഹൊറാഷിയോ മെസി) അന്തരിച്ചു. മരണം സംബന്ധിച്ച് വാർത്തകൾ അർജന്റീന മാധ്യമങ്ങളാണ് പുറത്തുവിട്ടത്. അർജന്റീന സമയം രാത്രി 10 മണിക്ക് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഏറെക്കാലമായി അദ്ദേഹം അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു.
മെസിയുടെ ഔദ്യോഗിക ഏജന്റായി പ്രവർത്തിച്ചത് പിതാവായിരുന്നു. അർജന്റീന നായകന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തും ഹോർഹെ മെസി തന്നെയാണ്. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവാണ്. മെസി ന്യൂവെൽസ് ഓൾഡ് ബോയ്‌സ് യൂത്ത് ടീമിൽ കളിക്കുന്ന സമയത്തായിരുന്നു ഇത്.
13ാം വയസിൽ മെസിയെ ബാഴ്‌സലോണയിലെത്തിച്ചതും പിതാവിന്റെ ശ്രമങ്ങളായിരുന്നു. ഹോർമോൺ ചികിത്സയും ഒപ്പം സ്പെയിനിൽ വച്ചാണ് നടത്തിയത്. മെസിയുടെ അമ്മ സെലിയ കുച്ചിറ്റിനിയേയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരേയും റൊസാരിയോയിൽ തന്നെ താമസിപ്പിച്ച് ഹോർഹെ സ്‌പെയ്‌നിൽ മെസിക്കൊപ്പം നിന്നാണ് അദ്ദേഹത്തിന്റെ കരിയർ ശരിയായ ദിശയിലേക്ക് നയിച്ചത്.