ചേളന്നൂർ: ചേളന്നൂർ പാലത്ത് അനധികൃതമായി ആനക്കൊമ്പ് സൂക്ഷിക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത സംഘത്തിലെ അഞ്ചുപേർ പിടിയിൽ. ദിൽഷാദ്, പരീദ്, വിൻസന്റ്, അസീൽ, മുഹമ്മദ് റിഫാൻ എന്നിവരാണ് പിടിയിലായത്. ആനക്കൊമ്പും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡും താമരശ്ശേരി റേഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. City & Local Guides
പാലത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് കൈവശം വെച്ചിട്ടുണ്ടെന്ന് വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കസ്റ്റഡിയിലുള്ളവർ പാലത്ത് സ്വദേശി അടക്കം കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിലുള്ളവരാണെന്നാണ് പ്രാഥമിക വിവരം. 12 കിലോ ഭാരമുള്ള ആനക്കൊമ്പാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത ആനക്കൊമ്പ് യഥാർത്ഥമാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്.
കക്കോടി മേഖലയിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡും താമരശ്ശേരി റേഞ്ച് ഉദ്യോഗസ്ഥരും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഈ കേസിന് കേരളത്തിന് പുറമെ കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നാണ് വനംവകുപ്പ് നൽകുന്ന സൂചന. കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ആനക്കൊമ്പ് കടത്തു റാക്കറ്റിന്റെ ഭാഗമാണോ പിടിയിലായവർ എന്നറിയാൻ വകുപ്പ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വീട് കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള നിയമവിരുദ്ധ ഇടപാടുകൾക്ക് പിന്നിൽ വേറെയും ആളുകൾ ഉണ്ടോ എന്നറിയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം അതീവ ഗൗരവമുള്ള കുറ്റകൃത്യമായതിനാൽ വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അന്വേഷണവും തുടർനടപടികളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.