കൊയിലാണ്ടി: പഴയ ചിത്ര ടാക്കീസിന് സമീപമുള്ള ആക്രിക്കടയിൽ വാക്കുതർക്കത്തെ തുടർന്ന് കടയുടമയ്ക്കും രണ്ടുപേർക്കും കുത്തേറ്റു. തിരുനെൽവേലി സ്വദേശി മുത്തുകുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വൈകീട്ടോടെ ഒരു സംഘം ആളുകൾ ഈ ആക്രിക്കടയിൽ പഴയ സ്കൂട്ടർ വിറ്റിരുന്നു. എന്നാൽ നൽകിയ തുക തികഞ്ഞില്ലെന്ന് ആരോപിച്ച് രാത്രിയിൽ ഇവർ വീണ്ടും കടയിലെത്തി. അപ്പോൾ സ്കൂട്ടർ പകുതിയോളം പൊളിച്ച നിലയിലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കടക്കാരനുമായി ഉണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചു. സംഘത്തിലെ ഒരാൾ കത്തിയെടുത്ത് മുത്തുകുമാറിനെ കുത്തി. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന തിരൂർ സ്വദേശികളായ മണികണ്ഠൻ, ശരവണൻ എന്നിവർക്കും പരിക്കേറ്റു.
പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാർ ചേർന്ന് ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.