കോഴിക്കോട്: കാരന്തൂരിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ 12 കിലോയോളം കഞ്ചാവ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ടു കിലോയോളം വീതം കഞ്ചാവ് പൊതിഞ്ഞ ആറോളം പാക്കറ്റുകള്‍ ചാക്കില്‍ കെട്ടി പൊന്തക്കാടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കോഴിക്കോട് ജില്ലയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടു വന്ന ലഹരി മരുന്ന് പൊലീസിന്റെ പട്രോളിങ് കണ്ട് കച്ചവടം ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു.

കഞ്ചാവ് ഒളിപ്പിച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് പറഞ്ഞു. സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കുന്നമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജാബിര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിവേക്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിജീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാം രാജ്, അരുണ്‍ പ്രസാദ്, ഹോം ഗാര്‍ഡ് മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.