വടകര : ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്നും വീട്ടമ്മമാരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതിയെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് പുളിയക്കോട് കടങ്ങല്ലൂർ സ്വദേശി പൂവ്വത്തൊടി മുസ്തഫയാ(52)യാണ് അറസ്റ്റിലായത്.

വടകര മാക്കൂൽ കേന്ദ്രീകരിച്ചുള്ള ‘റോയൽ ഫർണിച്ചർ’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനം. ആഴ്ചയിൽ 250 രൂപയും മാസം തോറും 1,000 രൂപ വീതം 20 മാസം അടയ്ക്കുന്നവർക്ക് കുറഞ്ഞ വിലക്ക് ഫർണിച്ചറുകളോ ഇലക്ട്രോണിക്സ് സാധനങ്ങളോ നൽകാമെന്നായിരുന്നു വാഗ്ദാനം. നറുക്കെടുപ്പ് വിജയികൾക്ക് ബാക്കി തുക അടയ്ക്കാതെ തന്നെ സമ്മാനങ്ങൾ വീട്ടിലെത്തിച്ചു നൽകുമെന്നും വിശ്വസിപ്പിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നറുക്കെടുപ്പോ സമ്മാനങ്ങളോ ലഭിക്കാതായതോടെയാണ് പണമടച്ചവർ വഞ്ചിക്കപ്പെട്ടതായും സ്ഥാപനം പൂട്ടിയതായും മനസ്സിലാക്കുന്നത്.വടകര പൊലീസ് മലപ്പുറത്തു നിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുസ്തഫയെ വലയിലാക്കിയത്. സമാനമായ രീതിയിൽ മലപ്പുറത്തും ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.