പന്തീരാങ്കാവ് : കാർതടഞ്ഞ് യുവാവിനെ പുറത്തിറക്കി കാറുമായി കടന്നുകളഞ്ഞ സംഘത്തിലെ മൂന്നുപേർ പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി. തലശ്ശേരി ചെമ്പാട് സ്വദേശി ഷക്കീൽ (46), തലശ്ശേരി പാനൂർ ചെണ്ടയാട് മരക്കാരവിടെ അബ്ദുൾ സമദ്(46), കോഴിക്കോട് ചാലപ്പുറം പുതിയ കോവിലകം രാഹുൽ എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൊണ്ടോട്ടി സ്വദേശിയായ യുവാവ് കാറിൽ വരുന്നവഴി പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്കു സമീപം രണ്ട് കാറുകളിലെത്തിയ നാലുപേർചേർന്ന് തടഞ്ഞു നിർത്തുകയായിരുന്നു.
കാറിൽനിന്നു യുവാവിനെ പിടിച്ചു പുറത്തിറക്കിയസംഘം കാറുമായി കടന്നുകളഞ്ഞു. സ്ഥലത്തെത്തിയ പന്തീരാങ്കാവ് പോലീസ് സംഘത്തെ പിന്തുടർന്നതോടെ ചാലപ്പുറത്തിന് സമീപം കാർ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു.പിന്നീട് പന്തീരാങ്കാവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച മൂന്നുപേരെ പിടികൂടിയത്.
പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാർ തട്ടിക്കൊണ്ടുപോകാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക ചോദ്യംചെയ്യലിൽ ലഭിച്ച വിവരം.