കോഴിക്കോട് : തമിഴ്‌നാട് പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ചെട്ടികുളം സ്വദേശി പ്രവീൺ എന്ന കാട്ട പ്രവീൺ, കൂട്ടാളി മുഹമ്മദ് നിയാസ് എന്നിവരെ എലത്തൂർ പൊലീസ് പിടികൂടി. എലത്തൂർ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചെട്ടികുളം ജെട്ടി റോഡിന് സമീപത്തു നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എലത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പിടിച്ചു പറിക്കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചെട്ടികുളം കോഴിശേരി അമ്പലത്തിന് സമീപത്ത് പ്രതികൾ തങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതികൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ ഇവരെ കീഴ്പെടുത്തുകയായിരുന്നു. പ്രവീൺ നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് തമിഴ്‌നാട് പൊലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നത്. കൂടാതെ എലത്തൂർ, നടക്കാവ്, വെള്ളയിൽ എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും നിരവധി ക്വട്ടേഷനുകൾക്ക് ഇയാൾ നേതൃത്വം കൊടുത്തിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും എലത്തൂർ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്ത് അറിയിച്ചു.