കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാളിതുവരെ സൗജന്യമായിരുന്ന 14 പരിശോധനകൾക്ക് ഇനിമുതൽ ഫീസ് ഈടാക്കും. പാത്തോളജി, ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി ലാബുകളിലെ പരിശോധനകൾക്കാണ് പുതിയ നിരക്ക് ബാധകം.

കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിലെ 14 പരിശോധനകളാണ് സൗജന്യ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇനി ബയോപ്സി പരിശോധനയ്ക്ക് 150 രൂപ നൽകണം. ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപയും, രക്തം കട്ടപിടിക്കുന്നത് കണ്ടെത്താനുള്ള ലൂപ്പസ് ആന്റി കോഗുലന്റ് പരിശോധനയ്ക്ക് 800 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് പരിശോധനകൾക്ക് 30 രൂപ മുതൽ 800 രൂപ വരെയാണ് ഫീസ്.

ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവ് പരിശോധനകൾക്കും ഇനി പണം നൽകേണ്ടി വരും. പരിശോധനകൾക്ക് ഉപയോഗിക്കുന്ന റീജൻ്റുകളുടെ വില ഉൾപ്പെടെയുള്ള ചെലവ് വർധിച്ചതാണ് ഫീസ് ഏർപ്പെടുത്താൻ കാരണമെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. പരിശോധന റിപ്പോർട്ടുകൾ രോഗികൾ കൈപ്പറ്റാതെ പോകുന്നതിനാൽ പാഴ്ചെലവ് അധികമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ ഫീസ് ഈടാക്കാൻ തീരുമാനിച്ചത്.