കോഴിക്കോട്: പേരാമ്പ്ര ചാനിയംകടവിൽ കാറിലെ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അഭ്യാസപ്രകടനത്തിൽ ഏർപ്പെട്ട രണ്ട് വാഹനങ്ങളും വകുപ്പ് പിടിച്ചെടുത്തു. അനധികൃതമായ മോഡിഫിക്കേഷൻ, അപകടകരമായ ഡ്രൈവിങ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് എംവിഡി അറിയിച്ചു.

അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇരുവർക്കും എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുക്കാനും നിർദേശം നൽകി. മുയിപ്പോത്ത് ചാനിയംകടവ് റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

രണ്ട് കാറുകളിൽ എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. ഡോറിന്റെ മുകളിൽ ഇരുന്നുകൊണ്ടും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സമാകുന്ന രീതിയിലുമാണ് വാഹനം ഓടിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളുടെ അടിസ്ഥാനത്തിലാണ് എംവിഡി നടപടി സ്വീകരിച്ചത്. പൊതുസ്ഥലത്ത് വാഹനം അപകടകരമായി ഓടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അനധികൃത മോഡിഫിക്കേഷൻ നടത്തിയതിനും കേസെടുത്തിട്ടുണ്ട്. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വാഹന മാറ്റങ്ങൾ അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും എംവിഡി അറിയിച്ചു. ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ നിർബന്ധിത ക്ലാസ് വഴി റോഡ് സുരക്ഷയെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും യുവാക്കൾക്ക് ബോധവൽക്കരണം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.