കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വിവിധ പരിശോധനകൾക്ക് ഏർപ്പെടുത്തിയ ഫീസ് വർധനവ് മരവിപ്പിച്ചു. ഫീസ് വർധന സംബന്ധിച്ച മീഡിയവൺ വാർത്തക്ക് പിന്നാലെ ഡിവൈഎഫ്ഐ മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു.

പാത്തോളജി ലാബിലെ പരിശോധനകൾക്കാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ മുഹമ്മദ് റിയാസ് എംഎൽഎയും ഡിവൈഎഫ്ഐ നേതാക്കളും ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. ഫീസ് വർധനവ് മരവിപ്പിക്കുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് മുഹമ്മദ് റിയാസ് എംഎൽഎയെ അറിയിച്ചു. തീരുമാനം പിൻവലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച സമരം രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. ഫീസ് ഈടാക്കുകയാണെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് നീങ്ങുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു.

വിഷയത്തിൽ കലക്‌ടറുമായി ചർച്ച നടത്തുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചിരുന്നു. തുടർന്നാണ് സമരക്കാരും അധികൃതരും തമ്മിൽ ചർച്ച നടന്നത്.