കൊച്ചി: ലോഡ്‌ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ കേസിൽ യുവതിയുൾപ്പെടുന്ന മൂന്നംഗസംഘം പിടിയിൽ. മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എംഎ (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി ഷാജി (30), പത്തനംതിട്ട മാങ്കോട് സ്വദേശി ശ്രീലക്ഷ്‌മി എസ് (29) എന്നിവരാണ് പിടിയിലായത്.

പെട്രോളിംഗിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിസംഘം പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിനു സമീപമുള്ള ലോ‌ഡ്‌ജിൽ മുറിയെടുത്താണ് സംഘം ലഹരിവിൽപന നടത്തിയിരുന്നത്. പൊലീസ് ലോഡ്‌ജിലെത്തിയ സമയത്ത് ശ്രീത്തുവും ശ്രീലക്ഷ്‌മിയുമാണ് മുറിയിലുണ്ടായിരുന്നത്. പ്രധാന പ്രതിയായ തോമസ് ഈസമയം എംഡിഎംഎ വാങ്ങാൻ പുറത്തുപോയിരിക്കുകയായിരുന്നു. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഫ്യൂമിംഗ് ട്യൂബും വിൽപനയ്‌ക്കായി സൂക്ഷിച്ച സിപ്‌ലോക്ക് കവറുകളും കണ്ടെത്തി.ഒരു മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് മുറിയിലേക്കെത്തിയ തോമസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽനിന്ന് 0.4353 ഗ്രാം എംഡിഎംയും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.