കോഴിക്കോട്: യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ച കേസിലെ പ്രതി ചേവായൂരിൽ ജീവനൊടുക്കിയ നിലയിൽ. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡൻ സ്വദേശി വൈശാഖൻ (35) ആണ് മരിച്ചത്.

വ്യാഴാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.

ജനുവരി 24-നാണ് മാളിക്കടവിലെ സ്വന്തം വർക്ഷോപ്പിൽ വെച്ച് വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. 16 വയസ്സു മുതൽ പ്രതിയുമായി അടുപ്പമുണ്ടായിരുന്നയാളാണ് യുവതി. വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യയോടു പറയുമെന്ന സംശയത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

മാളിക്കടവിലെ വർക്ഷോപ്പിലേക്ക് വിളിച്ചുവരുത്തി ഒന്നിച്ചു ജീവനൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കഴുത്തിൽ കരുക്കിട്ട ശേഷം യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു. തൂങ്ങിനിൽക്കുമ്പോഴും കെട്ടഴിച്ചു കിടത്തിയ സമയത്തും മൃതദേഹത്തെ ഇയാൾ പീഡിപ്പിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി. 

യുവതിയുടെ മരണം ഭാര്യയെ ഫോണിൽ അറിയിച്ച പ്രതി, അവർക്കൊപ്പം കാറിൽ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ആർ.രഞ്ജിത്ത് കൊയിലാണ്ടി മജിസ്ട്രട്ട് കോടതിയിൽ ഏപ്രിൽ 29-ന് 490 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം യുവതിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചതായി കണ്ടെത്തിയതിനാൽ പോക്സോ കേസും ചുമത്തിയിരുന്നു. പോക്സോ കേസ് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ആ കേസിലെ തുടർനടപടികൾ ചേവായൂർ പൊലീസാണ് സ്വീകരിക്കുന്നത്.

90 ദിവസത്തെ റിമാൻഡ് കാലാവധിക്ക് നാലു ദിവസം മുൻപ് തന്നെ കുറ്റപത്രം സമർപ്പിച്ചതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്നും അന്ന് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.