അടിവാരം: പതിറ്റാണ്ടുകളായി നേരിട്ടിരുന്ന യാത്രാദുരിതത്തിന് പരിഹാരമായി നവീകരിച്ച അടിവാരം ബസ് സ്റ്റാന്റ് നാളെ പ്രവർത്തനം ആരംഭിക്കും. 

പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 42 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ച ബസ് സ്റ്റാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 2026 ആഗസ്റ്റ് 15 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് തിരുവമ്പാടി എം.എൽ.എ ബഹു. സി.കെ കാസിം നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിക്കും.

22 വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് അവഗണിക്കപ്പെട്ട് അടഞ്ഞുകിടന്ന ബസ് സ്റ്റാന്റാണിത്. ബസ് സ്റ്റാന്റ് യാർഡ് നവീകരണം, ഫെസിലിറ്റേഷൻ സെന്റർ, ഹൈമാസ്റ്റ്, തെരുവ് വിളക്കുകൾ, പോലീസ് ഔട്ട് പോസ്റ്റ്, അത്യാധുനിക വാഷ് റൂം എന്നിവയാണ് പുതിയ സൗകര്യങ്ങൾ. ഉടൻ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ ഓഫീസും ഇവിടെ ആരംഭിക്കും.

ഉദ്ഘാടന ചടങ്ങിൽ   

പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സന്തോഷ് സണ്ണി, കാപ്പാട്ടുമല ആയിഷ ബീവി, വാർഡ് മെമ്പർ പി.എം.എ റഷീദ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ കെ.കെ, കോഴിക്കോട് സ്റ്റാൻഡിംഗ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ നാജിയ വി.കെ, 6-ാം വാർഡ് മെമ്പർ മൃദുല കെ. മാധവൻ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ഉസൈൻ കുട്ടി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരീഷ് ജോൺ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

  

ആഗസ്റ്റ് 16 മുതൽ അടിവാരം വരെ സർവീസ് നടത്തുന്ന എല്ലാ പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസുകളും ആദ്യം ബസ് സ്റ്റാന്റിൽ പ്രവേശിച്ച ശേഷം മാത്രമേ അങ്ങാടിയിൽ ആളുകളെ ഇറക്കാനും കയറ്റാനും പാടുള്ളൂ. ദീർഘദൂര ബസുകൾ ബസ് സ്റ്റാന്റിൽ മാത്രമേ നിർത്തൂ. വള്ള്യാട്, തുഷാരഗിരി, കോടഞ്ചേരി സർവീസുകൾക്ക് അങ്ങാടിയിലെ സ്റ്റോപ്പ് തുടരുമെങ്കിലും പാർക്കിങ് ബസ് സ്റ്റാന്റിൽ മാത്രമായിരിക്കും.