മലപ്പുറം: റോഡിൽ എടുത്ത കുഴിയിൽ സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡിലെ കോട്ടുവാലക്കാട് സ്വദേശി കുന്നത്തേരി മുസ്തഫ (60) ആണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ചെമ്മാട് ടൗണിലെ സി ഐ ടി യു യൂണിയൻ ചുമട്ടുതൊഴിലാളിയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെമ്മാട് - കക്കാട് റോഡിലെ ചന്തപ്പടിയിൽ വെച്ചായിരുന്നു അപകടം. മകൻ ഷുഹൈബിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴിയിൽ തെന്നിവീഴുകയായിരുന്നു.

കുഴി മൂടാതെ കിടന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് മുസ്തഫയും മകനും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അധികൃതരുടെ അനാസ്ഥ ആരോപണം കുടിവെള്ള പദ്ധതിക്കായി റോഡ് കീറിയ ശേഷം പൂർവസ്ഥിതിയിലാക്കാത്തത് മേഖലയിൽ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.