ഗാലെ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ അല്‍പ്പ സമയത്തിനുള്ളില്‍ ഇറങ്ങും. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങ് ചെയ്യാന്‍ തീരുമാനിച്ചു. രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദിവസത്തില്‍ ഇന്ത്യ ചരിത്ര പോരാട്ടത്തിന് കൂടിയാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്നത്തിലേക്ക് തിരിച്ചുപിടിക്കാനുള്ള ഇന്ത്യയുടെ നിര്‍ണായക പരമ്പര കൂടിയാണിത്. തലമുറ മാറ്റത്തിന്റെ പാതയിലൂടെ സ്ഥിരതയിലേക്ക് വീണ്ടും തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ടീം. ഗൗതം ഗംഭീറിന്റെ കീഴിലുള്ള ടെസ്റ്റ് ടീമിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക പരമ്പര കൂടിയാണിത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് ഇന്ന് തുടങ്ങുമ്പോള്‍ ഇരു ടീമുകളും മുന്നില്‍ ലക്ഷ്യം വയ്ക്കുന്നത് ഒന്ന് മാത്രം 2-0ത്തിന് പരമ്പര തൂത്തുവാരുക.

ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരകളിലെ ദയനീയ തോല്‍വികള്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത അടിയായ പശ്ചാത്തലത്തില്‍ കൂടിയാണ് ലങ്കന്‍ പരമ്പര. നിലവില്‍ 9 ടെസ്റ്റ് പോരാട്ടങ്ങളില്‍ നിന്നു 4 വീതം ജയവും തോല്‍വിയുമായി ഇന്ത്യ 48.15 പോയിന്റ് ശതമാനത്തില്‍ അഞ്ചാം സ്ഥാനത്താണ്. ഫൈനലുറപ്പിക്കാന്‍ ശേഷിക്കുന്ന 9 മത്സരങ്ങളില്‍ കുറഞ്ഞത് ആറോ, ഏഴോ മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ടിക്കറ്റ് കിട്ടു.