തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം , തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴ കുറഞ്ഞിട്ടും ജലനിരപ്പു താഴാതെ കുട്ടനാട് മേഖല. വീടുകളിൽ വെള്ളം നിറഞ്ഞതോടെ കുട്ടനാട്ടുകാരുടെ ജീവിതം ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും ആയി. എസി റോഡിൽ പലയിടത്തും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. കോട്ടയത്ത് കിഴക്കൻ മലയോര മേഖലയിൽ ഉൾപ്പെടെ ഇടവിട്ടുള്ള ശക്തമായ മഴയിൽ മീനച്ചിലാറിലെ ജലനിരപ്പ് വീണ്ടും പതിമൂന്നര അടിയായി ഉയർന്നു. കുമരകം, തിരുവാർപ്പ് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ തുടർച്ചയായ ഏഴാം ദിവസവും വെള്ളക്കെട്ട് തുടരുകയാണ്. ഈരാറ്റുപേട്ടയിൽ മാത്രം വ്യാപാരികൾക്ക് നൂറു കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. അതേസമയം, തൃശൂര്‍ കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍. ആശങ്ക വേണ്ടെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. നിലവില്‍ ഗതാഗതം തടയില്ല.
തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ എട്ടാംനാളിലും സങ്കടക്കടലില്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മത്സ്യത്തൊഴിലാളി സമൂഹത്തെ അവഹേളിക്കുകയായിരുന്നുവെന്നും വിഴിഞ്ഞത്ത് കാണാതായ ജോണിന്‍റെ മകള്‍ ജിജി മനോരമ ന്യൂസിനോട് പറഞ്ഞു. കുഞ്ഞുങ്ങളുടെ അച്ഛനെ കണ്ടെത്തിത്തരണമെന്ന് മുതലപ്പൊഴിയില്‍ കാണാതായ ജോണിന്‍റെ മകള്‍ ജിജി മനോരമ ന്യൂസിനോട് പറഞ്ഞു. കുഞ്ഞുങ്ങളുടെ അച്ഛനെ കണ്ടെത്തിത്തരണമെന്ന് മുതലപ്പൊഴിയില്‍ കാണാതായ ഷിജിന്‍റെ ഭാര്യ കണ്ണീരോടെ പറയുന്നു. അപകടമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ലാഘവത്തോടെ കണ്ടെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തുകയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത.