പേരാമ്പ്ര: പേരാമ്പ്രയിൽ വയോധികക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ വയനാട് സ്വദേശി അറസ്റ്റിൽ. കമ്പളക്കാട് കാവുവയൽ തുളസീദാസൻ എന്ന ബാബുവിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്.
2025 ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാൾ നിരന്തരം വയോധികയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും എതിർത്തപ്പോൾ വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും 50,000 രൂപയും മൂന്ന് പവൻ സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.
പേരാമ്പ്ര സബ് ഇൻസ്പെക്ടർ സൂരജിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ സുധീഷ് പി.എം, സി.പി.ഒമാരായ സൗമ്യ, ജയ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വഞ്ചന, കളവ്, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങി 28 ഓളം കേസുകൾ പ്രതിയുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കണ്ണൂർ ജില്ലാ ജയിലിലേക്ക് മാറ്റി.