വയനാട്: മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നു. വിനോദയാത്ര വിവാദവുമായി ബന്ധപ്പെട്ട നടപടിക്കെതിരെയാണ് മീനങ്ങാടി സ്കൂളിലെ പ്ലസ്ടു, പ്ലസ് വൺ വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്.

സ്കൂളിന് മുന്നിൽ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം നടത്തുന്നത്. വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പലിനെ മാറ്റിയതിൽ പ്രതിഷേധമുണ്ടെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

അതേസമയം, വിവാദത്തിൽ ആരോപണ വിധേയനായ പിടിഎ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു കുട്ടികൾ ഉയർത്തിയ ആരോപണം. ഈ ആരോപണത്തിൽ വിശദീകരണം നൽകുകയാണ് ലക്ഷ്യം. എന്നാൽ പ്രിൻസിപ്പലിന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.

വിവാദങ്ങളെ തുടർന്ന് ഹയർ സെക്കൻഡറി ബോർഡ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠന യാത്ര നടത്തിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.

പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. ഇടതുപക്ഷ അധ്യാപക സംഘടന നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ.