കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ കവർന്ന കേസിൽ യുവാവ് പിടിയിൽ. മലപ്പുറം തൃപ്പങ്ങോട് ചമ്രവട്ടം സ്വദേശി മുഹമ്മദ് റാഫിയെ (44) ആണ് കോഴിക്കോട് റെയിൽവേ പോലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ തിരൂരിലേക്ക് പോകാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള ക്ലോക്ക് റൂമിന് മുൻവശത്തെ സ്റ്റീൽ ബെഞ്ചിൽ ഇരിക്കുകയായിരുന്നു യുവതി. യാത്രയ്ക്കിടെ ക്ഷീണം കാരണം ഉറങ്ങിപ്പോയ യുവതിയുടെ സമീപത്തായി വെച്ചിരുന്ന 1.5 ലക്ഷം രൂപ വിലവരുന്ന ആപ്പിൾ 16 പ്രോ മാക്സ് (iPhone 16 Pro Max) മോഡൽ ഫോണാണ് ഇയാൾ കവർന്നത്.
ഉണർന്നപ്പോൾ ഫോൺ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ യുവതി ഉടൻ തന്നെ റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് എസ്.ഐ അനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.