പന്തീരാങ്കാവ്: പന്തീരാങ്കാവിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ തീപിടിത്തം. പന്തീരാങ്കാവ് ഡെക്കാത്തലോൺ ഷോറൂമിന്റെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് അഗ്നിബാധയുണ്ടായത്. കാറിന്റെ മുൻസീറ്റിൽ സൂക്ഷിച്ചിരുന്ന പവർബാങ്ക് ചൂടുപിടിച്ച് കത്തിയതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഷോറൂമിന്റെ തുറന്ന പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് തീപിടിത്തമുണ്ടായത്. പവർബാങ്കിൽനിന്ന് തീ പടർന്നതോടെ കാറിന്റെ മുൻസീറ്റ് പൂർണമായും കത്തിനശിച്ചു. തീയും പുകയും കാറിന്റെ സീലിങ് ഭാഗംവരെ ഉയർന്നു.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഷോറൂം മാനേജരും സെക്യൂരിറ്റി ജീവനക്കാരനും ഉടൻ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. ഇവരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചത്.

വിവരമറിഞ്ഞ് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫീസർ പി.കെ. ശരത്തിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി. തുടർന്ന് തീ പൂർണമായും അണയ്ക്കുകയും മറ്റ് അപകടസാധ്യതകളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

പവർബാങ്കുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ചൂടാകുന്നത് തീപിടിത്തത്തിന് കാരണമാകാമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഇത്തരം ഉപകരണങ്ങൾ ചൂടേൽക്കുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.