തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻ എം.ആർ ബൈജുവിനെ പ്രതിചേർത്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടിലാണ് നടപടി. ക്രമക്കേടിൽ ചെയർമാനും പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈജുവിനെ പ്രതിചേർത്തത്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ബൈജുവിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രതി ചേർക്കുന്നതിൽ തീരുമാനം പിന്നീടായിരിക്കും. കേസിൽ അന്വേഷണം തുടരുകയാണെന്ന് എസ്ഐടി വ്യക്തമാക്കി.
അതേസമയം, പിഎസ്സി സെക്രട്ടറി സാജു ജോർജിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമക്കേടിൽ ചെയർമാന്റെയും അംഗങ്ങളുടെയും ഇടപെടലിനെക്കുറിച്ച് ചോദിച്ചറിയും. പരീക്ഷാ കൺട്രോളറെ തിങ്കളാഴ്ച ചോദ്യംചെയ്യാനാണ് നീക്കം.
അതേസമയം, അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ കോടതിയിൽ ഹാജരാക്കും. പരീക്ഷാ ക്രമക്കേടിൽ ഉന്നതതല ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് സാജുവിനെ വിളിച്ചു വരുത്തുന്നത്.
പരീക്ഷയിൽ 58 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിനകം മൂന്ന് പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിഎസ്സി ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണപരിധിയിലുണ്ട്. പിഎസ്സി സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചയാണോ അതോ ചിലരെ വിജയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത ഇടപെടലാണോ നടന്നതെന്നതിലാണ് ഇനി അന്വേഷണം കേന്ദ്രീകരിക്കുന്നത്.