കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജപ്രചരണത്തിൽ അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് ഇയാൾ സമൂഹമാധ്യമങ്ങളിൽ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് കുന്ദമംഗലം പോലീസാണ് കേസെടുത്തത്.

എറണാകുളം ശാലേം വിഎച്ച്എസ്എസിലെ അധ്യാപകനാണ് ജിജോ ജെയിംസ്. കോഴിക്കോട് നടന്ന കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനഃപൂർവ്വം വ്യാജവാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആർ. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തിയതിനും സമാധാനാന്തരീക്ഷം തകർത്തതിനുമാണ് കേസ്.