മലപ്പുറം: മലപ്പുറത്ത് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഫിയാൻ വില്ലന്റെ ചാപ്പനങ്ങാടിയിലുള്ള വീടിന് നേരെയാണ് പുലർച്ചെ രണ്ടരയോടെ അക്രമികൾ ബോംബെറിഞ്ഞത്.

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ യു.ഡി.എസ്.എഫും എസ്.എഫ്.ഐയും തമ്മിലുണ്ടായ ശക്തമായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, സർവകലാശാല ക്യാമ്പസിലുണ്ടായ അക്രമ സംഭവങ്ങളിൽ പോലീസ് ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എം.എസ്.എഫ് നൽകിയ പരാതിയിൽ 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.എഫ്.ഐ നൽകിയ പരാതിയിൽ 7 എം.എസ്.എഫ് പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന 8 പേർക്കെതിരെയും പോലീസ് കേസെടുത്തു. അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ, വധശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരിക്കുന്നത്.