മാനന്തവാടി: സിബിൽ സ്കോർ വർദ്ധിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം

ചെയ്ത് രേഖകൾ കൈക്കലാക്കി സാധാരണക്കാരനെ ജാമ്യക്കാരനാക്കി കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതായി പരാതി. മാനന്തവാടി പനവല്ലി സ്വദേശിയായ തോമസിന്റെ വീട്ടിൽ ജപ്തി നടപടികൾക്കായി ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതോടെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നതും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതും.

എറണാകുളം സ്വദേശിനിയായ ജെന്നി വർഗീസ് എന്ന സ്ത്രീയാണ് തോമസിനെ ചതിയിൽപ്പെടുത്തി ബാങ്കിൽ നിന്നും കോടികളുടെ വായ്പയെടുത്തത്. സിബിൽ സ്കോർ കൂട്ടി നൽകാമെന്ന് പറഞ്ഞ് തോമസിന്റെ പക്കൽ നിന്നും ആധാരവും മറ്റ് രേഖകളും കൈക്കലാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. എന്നാൽ ലോൺ കുടിശ്ശികയായതോടെ തോമസിന്റെ വസ്തുവകകൾ ജപ്തി ചെയ്യാനായി എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് അധികൃതർ സ്ഥലത്തെത്തുകയായിരുന്നു.

കോടതി ഉത്തരവ് നടപ്പിലാക്കാനാണ് തങ്ങൾ എത്തിയതെന്നും ഇതിലപ്പുറം വിശദീകരിക്കാൻ ബാധ്യതയില്ലെന്നുമുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ നിലപാട് വൻ വാഗ്വാദത്തിന് കാരണമായി. കുറഞ്ഞ മൂല്യമുള്ള ഭൂമി പണയപ്പെടുത്തി എങ്ങനെയാണ് ബാങ്ക് കോടികൾ വായ്പ നൽകിയതെന്ന് നാട്ടുകാരും കുടുംബാംഗങ്ങളും ചോദ്യം ചെയ്തു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. വിഷയം സമാധാനപരമായി ചർച്ചയിലൂടെ പരിഹരിക്കാൻ ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അധികൃതർ അറിയിച്ചു.