മലപ്പുറം: ദേശീയപാതയിൽ വെളിമുക്കിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു.

കൊടിഞ്ഞി കാളംതിരുത്തി കൊല്ലംതൊടി സ്വദേശി തൻവീർ-സഫ്ന ഷെറിൻ ദമ്പതികളുടെ മകൾ സൂന നഹറാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് വെളിമുക്കിൽ വെച്ചായിരുന്നു അപകടം. കല്യാണവീട്ടിൽ നിന്ന് വലിയുമ്മയുടെ കൂടെ പോകാൻ കുട്ടി നിർബന്ധിച്ചതിനെ തുടർന്ന് സഫ്നയുടെ മാതാപിതാക്കൾക്കൊപ്പം പടിക്കലിലെ വീട്ടിലേക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.