മാനന്തവാടി: മാനന്തവാടി ടൗണിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണാൻ വൺവേ സമയം നീട്ടാനും പച്ചക്കറി മാർക്കറ്റ് റോഡിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നഗരസഭാ ഗതാഗത ക്രമീകരണ സമിതി യോഗത്തിൽ തീരുമാനമായി. ടൗണിലെ വൺവേ സമയം ഇനി മുതൽ രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയായി ദീർഘിപ്പിക്കും.
ഈ മാസം 14 മുതൽ നഗരസഭാ ഓഫീസ് ക്ലബ്ബ് കുന്നിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയതും വീതി കുറഞ്ഞതുമായ പച്ചക്കറി മാർക്കറ്റ് റോഡിൽ താൽക്കാലികമായി
വൺവേ സംവിധാനം നടപ്പിലാക്കും. ഈ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഗാന്ധി പാർക്കിൽ നിന്നും പ്രവേശിച്ച് ചൂട്ടക്കടവ് റോഡിലൂടെ പുറത്തുപോകണം. കൂടാതെ, ക്ലബ്ബ് കുന്ന് റോഡിലെ നടപ്പാതകളിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴുപ്പിക്കാനും വ്യാപാരികൾ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സാമഗ്രികൾ കടകൾക്കുള്ളിലേക്ക് തന്നെ മാറ്റി സ്ഥാപിക്കാനും യോഗത്തിൽ കർശന നിർദ്ദേശം നൽകി.
നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ. എസ്. ആലൂ, ട്രാഫിക് എസ്.ഐ റോയ്, എ.എം.വി.ഐ എ. ടി. സുമേഷ്, വ്യാപാരി പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.