റിയാദ്: സൗദിയിലെ നജ്റാനിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സൗദികളും പ്രവാസികളുമടക്കം പതിനൊന്ന് പേർക്ക് പരിക്ക്. പ്രൊജക്സൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതു പതിച്ചുണ്ടായ തീപിടുത്തതിൽ പലർക്കും പൊള്ളലേറ്റു. യമനിലെ സൗദി പിന്തുണയുള്ള ഔദ്യോഗിക സൈന്യത്തിന്റെ ക്യാമ്പിലേക്ക് ഹൂതികൾ ഇന്നലെ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 40 കവിഞ്ഞിട്ടുണ്ട്. ആക്രമണത്തിനെതിരെ സൗദി സൈന്യം പ്രതിരോധ നീക്കം ശക്തമാക്കി.

യമനിലെ ഔദ്യോഗിക സൈന്യത്തിന്റെ ക്യാമ്പുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നാൽപതിലേറെ പേർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യമൻ അതിർത്തിയോട് ചേർന്നുള്ള സൗദിയിലെ നജ്റാന് നേരയുള്ള ആക്രമണം. പ്രൊജക്സൈൽ പതിച്ചും തീപിടിച്ചുമുണ്ടായ ആക്രമണത്തോടെ പരിക്കേറ്റത് പതിനൊന്ന് പേർക്കാണ് ഇവരിൽ ഏഴ് പേർ സൗദികളാണ്. രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരും ബാക്കി രണ്ട് പേർ യമൻ, പാക് സ്വദേശികളുമാണ്. പരിക്കേറ്റവരിൽ നാലു വയസ്സുള്ള കുട്ടിയും സ്ത്രീയും ഉൾപ്പെടും. ആക്രമണത്തിന് തിരിച്ചടിക്കാൻ സൗദി സൈന്യം ഒരുങ്ങുന്നുണ്ട്. യമനുമായി അതിരുപങ്കിടുന്ന സൗദിയിലെ നജ്റാൻ, അസീർ, ജിസാൻ, കിഴക്കൻ പ്രവിശ്യ തുടങ്ങിയ അതിർത്തികളിൽ സുരക്ഷാ വിന്ന്യാസം വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ യമനിലെ ഹദ്റമൗത്ത്, മാരിബ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയത്. സമീപ വർഷങ്ങളിൽ യമൻ ആഭ്യന്തരയുദ്ധത്തിലുണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നാണിത്. തങ്ങൾക്കെതിരെ യമൻ സൈന്യം സൗദി പിന്തുണയോടെ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് ഇതെന്നാണ് ഹൂതികളുടെ വാദം. ഇറാൻ പിന്തുണയുള്ള ഹൂതികൾക്ക് ഐആർജിസി കമാണ്ടർമാർ സഹായം നൽകുന്നുണ്ട്. ഇത് ചൂണ്ടാക്കാട്ടി യമൻ സൈന്യം ഹൂതികളുടെ നിയന്ത്രണത്തിലുള്ള സൻആയിൽ ആക്രമണം നടത്തിയതാണ് പുതിയ പ്രശ്‌നങ്ങളുടെ തുടക്കം. 2012ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിന് ശേഷം സൗദി അറേബ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതാണ് യമനിലെ അന്താരാഷ്ട്ര പിന്തുണയുള്ള ഭരണകൂടം. എന്നാൽ ഭരണം അവകാശപ്പെട്ട് പ്രവർത്തിക്കുന്ന ഹൂതികൾക്കാണ് സൻആ ഉൾപ്പെടെ മുൻ തലസ്ഥാനവും ഹുദൈദയും ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളുടേയും നിയന്ത്രണം. നാല് വർഷമായി സൗദിയും യമനും സമാധാന വഴിയിലാണ്. എന്നാൽ ഇറാൻ യുദ്ധത്തോടെ ഐആജിസി യമനിൽ എത്തിയതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതിലെ സുരക്ഷാ വിഷയങ്ങളാണ് ഇപ്പോൾ മേഖലയിൽ പുകയുന്നത്.