കോഴിക്കോട് : കടകളുടെയും ഓഫീസുകളുടെയും പൂട്ടുപൊളിച്ച് മോഷണം നടത്തുന്ന കൂടരഞ്ഞി സ്വദേശി കൊന്നാംതൊടി ഹൗസിൽ കെ.വി. ബിനോയ്(41) യെ കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസി.കമ്മിഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്.ഐ. മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.
മിഠായിത്തെരുവിലെ കെ.22.പി.എം എന്ന ഷോപ്പിന്റെ പൂട്ടുപൊളിച്ച് എഴുപതിനായിരം രൂപ മോഷണം നടത്തിയതും കോട്ടപ്പറമ്പ് മാക്കോത്ത് ലെയിനിലുള്ള യൂസ്ഡ് ബൈക്ക് ഷോറൂമായ വി.കെ അസോസിയേറ്റിന്റെ പൂട്ടുപൊളിച്ച് ബൈക്ക് മോഷണം നടത്തിയതും തുടങ്ങി നൂറോളം കേസിൽ പ്രതിയാണ്.
മോഷണം നടത്തിയതിനുശേഷം ബിനോയ് കാസർകോട് ഭാഗത്ത് ഒളിവിൽക്കഴിയുകയായിരുന്നു. പുതിയ മോഷണം നടത്താൻ പദ്ധതിയിട്ട് വീണ്ടും കോഴിക്കോട് വന്നപ്പോഴാണ് പ്രതി പിടിയിലാവുന്നത്.
നാലുമാസംമുമ്പ് കണ്ണൂർ ജയിലിൽനിന്ന് ഇറങ്ങിയ ഇയാൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളുടെ പലഭാഗങ്ങളിലുള്ള ഷോപ്പുകളിലും, ക്ഷേത്രങ്ങളിലും ബിവറേജിലും മോഷണം നടത്തിയതായി പോലീസ് പറഞ്ഞു.
ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ. കെ. അബ്ദുറഹ്മാൻ, അനീഷ് മുസ്സേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എസ്.ഐ. ബി. സുലൈമാൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്