കൊച്ചി: മുത്തങ്ങ അബ്‌ദുൽ സലാം വധശ്രമക്കേസിൽ വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കൽപ്പറ്റ സെഷൻസ് കോടതിയുടെ ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിധിയിലെ ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു . ശിക്ഷ റദ്ദാക്കണമെന്ന എം. ഗീതാനന്ദൻ അടക്കമുള്ളവരുടെ അപ്പീലാണ് കോടതി പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമവിധിയിൽ എഴുതിയതിൽ പിഴവുണ്ടെന്ന് കോടതി വ്യക്തമാക്കി.
പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് അന്തിമ വിധിയിൽ എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. അന്തിമ വിധിയിൽ പൂർണമായും കുറ്റം തെളിയിക്കപ്പെടണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിയിൽ സിബിഐയ്ക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു. കേസിൽ ഗീതാനന്ദൻ അടക്കം നാല് പേർക്ക് 5 വർഷം കഠിന തടവാണ് കൽപ്പറ്റ കോടതി വിധിച്ചത്.