കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ചതിൽ അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് ഊന്നുകൽ പൊലീസ്. ഊന്നുകൽ സിഐക്കെതിരെ ഇൻസ്റ്റഗ്രാം സന്ദേശം വഴിയായിരുന്നു ഇത്തവണ ആയങ്കിയുടെ വെല്ലുവിളി. കേസിൽ മുൻകൂർ ജാമ്യം എടുത്തേ താൻ മടങ്ങിയെത്തുകയുള്ളൂവെന്നും ധൈര്യമുണ്ടെങ്കിൽ തന്നെ പിടിക്കാനുമാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി.
നേരത്തെ കോതമംഗലം സിഐയെയും സമൂഹമാധ്യമങ്ങളിലൂടെ ആയങ്കി ഭീഷണിപ്പെടുത്തിയിരുന്നു. കോതമംഗലം സിഐ പ്രശാന്തിന് എതിരെയായിരുന്നു ആയങ്കിയുടെ പോസ്റ്റ്. പിന്നാലെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ആയങ്കിക്കെതിരെ പൊലീസ് റിപ്പോർട്ട് നൽകുകയും സിഐയെ ഭീഷണിപ്പെടുത്തിയതിൽ കേസെടുക്കുകയും ചെയ്‌തിരുന്നു. ഐടി ആക്ട് പ്രകാരമായിരുന്നു നടപടി.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു കോതമംഗലം സിഐയെ ആയങ്കി ഭീഷണിപ്പെടുത്തിയത്. സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ചായിരുന്നു ആയങ്കി അറസ്റ്റിലായത്. മെയ്യിലായിരുന്നു അറസ്റ്റ്. ആയങ്കിക്കൊപ്പം മരട് അനീഷിന്റെ കൂട്ടാളികളെയും കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.