ചമൽ: ചമൽ കാരപ്പറ്റ വളവിന് സമീപം താമസിക്കുന്ന കോപ്പുഴ ജോമോന്റെയും കുടുംബത്തിന്റെയും വീട്ടിൽ അർധരാത്രിയിൽ നടന്ന അക്രമസംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തി.
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുടുംബാംഗങ്ങളുടെ ജീവനുപോലും അപകടത്തിലാക്കുന്ന രീതിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി.
സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് തിരിച്ചെത്തി, "ഞാനാണ് തീകൊളുത്തിയത് വേണമെങ്കിൽ നിങ്ങളെയും ജീവനോടെ ചുട്ടെരിക്കും" എന്ന് ആക്രോശിച്ചുകൊണ്ട് കൈവശമുണ്ടായിരുന്ന പെട്രോളിന്റെ ബാക്കി കുടുംബാംഗങ്ങളുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു.
കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ അതിവേഗം തീ അണച്ച് വൻ ദുരന്തം ഒഴിവാക്കി പ്രതിയെ കീഴടക്കി.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസ് സംഘം പ്രതിയായ കാരപ്പറ്റപുറായിൽ അർജുനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.
തീവെപ്പിൽ കാറിന്റെ പിൻഭാഗം ഗുരുതരമായി കത്തിനശിച്ചു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. അർധരാത്രിയിൽ നടന്ന ഈ ആക്രമണം ചമൽ പ്രദേശത്ത് വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.