മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. വിമാനം പറന്നുയര്‍ന്ന് പറക്കുന്നതിനിടെയാണ് എമര്‍ജന്‍സി എക്സിറ്റ് ജനല്‍ തകര്‍ത്ത് ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പാലക്കാട് കൂറ്റനാട് സ്വദേശി ജംഷീര്‍ അത്താണിക്കല്‍ (36)ആണ് പിടിയിലായത്. സിഐഎസ്എഫും നെടുമ്പാശേരി പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

ബുധനാഴ്ച രാത്രി ബാറ്റിക് എയറിന്റെ OD231 ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്. രാത്രി 9.30-നും 11.05-നും ഇടയിൽ വിമാനം പറക്കുന്നതിനിടെ 12A സീറ്റിലിരുന്ന ജംഷീർ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം കാലുകൊണ്ട് ശക്തിയായി ഇടിച്ച് എമര്‍ജന്‍സി വാതിലിന്റെ വിന്‍ഡോ പാനല്‍ തകര്‍ത്തു, പിന്നാലെ എമർജൻസി വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയായിരുന്നു.

ജംഷീറിന്റെ പ്രവൃത്തി കണ്ട് പരിഭ്രാന്തരായ കാബിന്‍ ക്രൂവും സഹയാത്രക്കാരും ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും എല്ലാവരേയും തള്ളിമാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ യാത്രക്കാരെയെല്ലാം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ജംഷീറിനെ കീഴ്പ്പെടുത്തിയത്. രാത്രി 11.10 ഓടെ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടര്‍ന്ന് സിഐഎസ്എഫ് സുരക്ഷാവിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്ത് നെടുമ്പാശേരി പൊലീസിനു കൈമാറുകയും ചെയ്തു. ബാറ്റിക് എയർ സെക്യൂരിറ്റി ഇൻചാർജ് ബിന്ദു മോഹൻ നായരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.