ബത്തേരി - മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് കോഴിക്കോട് സ്വദേശികളെ പോലീസ് പിടികൂടി. മുത്തങ്ങ ചെക്ക് പോസ്റ്റിൽ ജില്ലാ ലഹരി വിരുദ്ധ
സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്.
കോഴിക്കോട് പെരിങ്ങളം സ്വദേശി മുഹമ്മദ് സിരേഷ് (23), കാരന്തൂർ സ്വദേശി എം.
ജിതേന്ദ്രദാസ് (25), കാരിക്കണ്ടി മീത്തൽ സ്വദേശി പി. അജുൽ (22) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഗുണ്ടൽപേട്ട് ഭാഗത്തുനിന്നും ബത്തേരിയിലേക്ക് കെ.എൽ. 57 എ.ഡി. 9903 നമ്പർ സ്കൂട്ടറിൽ നിയമം ലംഘിച്ച് മൂന്നുപേർ ഒരേ വാഹനത്തിൽ വരുന്നത് കണ്ടാണ് പോലീസ് കൈകാണിച്ചത്.
വാഹനം നിർത്തിയപ്പോൾ സ്കൂട്ടറിലെ മൊബൈൽ ഹോൾഡറിൽ ഒ.സി.ബി (OCB) പേപ്പർ ഇരിക്കുന്നത്
ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് നടത്തിയ വിശദമായ ദേഹപരിശോധനയിലാണ് 3.67 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ലഹരി വിനിമയത്തിനെതിരെ അതിർത്തിയിൽ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എസ്.ഐ ജസ്‌വിൻ ജോയ്, എ.എസ്.ഐമാരായ ശ്യാം ലാൽ, വിപിൻ കുമാർ, ഡ്രൈവർ എസ്.സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ റോബിൻ പൗലോസ്, നിത്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.