ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കാൻ വഴിയൊരുക്കുന്ന നിയമഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ സാധാരണ ഉപയോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾക്കും ഈ നിർദേശം ബാധകമല്ല.
പ്രതിവർഷം 1.5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വലിയ വ്യാപാര സ്ഥാപനങ്ങളെയാണ് പുതിയ വ്യവസ്ഥ ലക്ഷ്യമിടുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ വ്യാപാര ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.
അതേസമയം, വ്യക്തികൾ തമ്മിലുള്ള യു.പി.ഐ പണമിടപാടുകൾക്കും ചെറിയ കടകളിലെ സാധാരണ ഇടപാടുകൾക്കും നിലവിലെ പോലെ അധിക ചാർജ് ഉണ്ടാകില്ല. അതിനാൽ പൊതുജനങ്ങൾ യു.പി.ഐ ഉപയോഗിക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
നിലവിൽ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ളതേയുള്ളൂ. നിയമം പ്രാബല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനവും എം.ഡി.ആർ ന്റെ നിരക്കും കേന്ദ്ര സർക്കാർ പിന്നീട് പ്രഖ്യാപിക്കും.