കണ്ണൂർ: കണ്ണൂർ മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്.
ഇന്ന് രാവിലെയാണ് സംഭവം. ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇയാൾ നീന്തുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ കുളത്തിന് സമീപത്ത് ആരും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പിന്നീട് കുളിക്കാനെത്തിയ മറ്റൊരാളാണ് ഒരാൾ വെള്ളത്തിൽ ഒഴുകിപ്പോകുന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തുടർന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ചയാളെ തിരിച്ചറിയുന്നതിനും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം ആരംഭിച്ചു.