കൊടിയത്തൂർ : തോട്ടുമുക്കം തരിയോട് കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ഊട്ടുകുളത്തിൽ സാജുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് പൂർണമായും ഇടിഞ്ഞുതാഴ്ന്നത്.

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ രണ്ടാംവാർഡിലെ കുമാരനല്ലൂർ അബ്ദുള്ളയുടെ വീട്ടുമുറ്റത്തെ കിണർ ശക്തമായ മഴയെത്തുടർന്ന് ഇടിഞ്ഞുതാഴ്ന്നുപോയി.

മതിലിടിഞ്ഞു; രണ്ട് വീടുകൾ അപകടാവസ്ഥയിൽ

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിൽ വീടിന്റെ മതിലിടിഞ്ഞ് രണ്ട് വീടുകൾ അപകടാവസ്ഥയിലായി. പാലാക്കാംപൊയിൽ ജലീലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് തൊട്ടടുത്ത വീടിനുമേൽ പതിച്ചത്.

അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൽ വിള്ളൽ

കോടഞ്ചേരി : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിൽ മുറംപാത്തി അങ്ങാടിക്ക് സമീപം റോഡിൽ വിള്ളൽ. കഴിഞ്ഞദിവസംപെയ്ത മഴയെത്തുടർന്നാണ് പത്തു മീറ്ററോളം ദൈർഘ്യത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. രണ്ടുതവണ വിള്ളൽ ഉണ്ടായി അടച്ചഭാഗത്താണ് വീണ്ടും വിള്ളൽ ഉണ്ടായിട്ടുള്ളത്. ഇവിടെ ബാരിക്കേഡ് സ്ഥാപിച്ച് ഒരുവശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

നെടുംകുണ്ട്-കാപ്പാട്ടുമല റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ

കോടഞ്ചേരി : കോടഞ്ചേരി-ഓമശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുംകുണ്ട് -കാപ്പാട്ടുമല റോഡ് ശക്തമായമഴയിൽ അരികിടിഞ്ഞ് അപകടാവസ്ഥയിലായി. വൈദ്യുത പോസ്റ്റുകൾ നിലംപൊത്തുമെന്ന അവസ്ഥയിലാണ്. റോഡിന്റെ തകർന്നഭാഗം പുനർ നിർമിക്കണമെന്നും ഗതാഗതത്തിരക്കുള്ള റോഡ് നവീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

കനത്തമഴയിൽ റോഡ് ഒലിച്ചുപോയി

കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ അമരാടു മലയിലേക്കു പോകുന്ന മുത്തോറ്റി അമരാട് മല റോഡ് കനത്ത മഴയിൽ ഒലിച്ചു പോയി.

കട്ടിപ്പാറയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്നാണിത്. 100 മീറ്ററിൽ കൂടുതൽ നീളത്തിലുള്ള ഭാഗമാണ് പൂർണമായും ഒലിച്ചു പോയത്.

റോഡു തകർന്നതു മൂലം കൃഷിയെമാത്രം ആശ്രയിച്ചുകഴിയുന്ന കർഷകർക്ക് സ്വന്തം കൃഷി സ്ഥലത്തുനിന്ന് കാർഷിക ഉത്‌പന്നങ്ങൾ കൊണ്ടുവരുന്നതിനും കൃഷിക്ക്‌ ആവശ്യമായ വളങ്ങളും തൈകളും കൃഷിഭൂമിയിൽ എത്തിക്കുന്നതിനും സാധിക്കുന്നില്ല.

വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന അമരാട് പ്രദേശത്തേക്ക് റോഡ് തകർന്നതുമൂലം യാത്ര ദുഷ്‌കരമായിരിക്കയാണ്. തകർന്ന റോഡ്‌ ഉടൻ വാഹന ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

ഹോട്ടലിന്റെ പിൻഭാഗം തകർന്ന് പുഴയിൽ പതിച്ചു

കാരശ്ശേരി : മുക്കംകടവ് പാലത്തിനുസമീപം ഹോട്ടലിന്റെ പിൻഭാഗം തകർന്ന് ഇരുവഞ്ഞിപ്പുഴയിൽ പതിച്ചു.

പാചകത്തിനും ഭക്ഷണം വിളമ്പുന്നതിനുമുള്ള പാത്രങ്ങൾ, രണ്ട് ഫ്രിഡ്ജുകൾ, ഗ്യാസ് സിലൻഡറുകൾ, സ്‌റ്റൗകൾ, ഫർണിച്ചർ മുതലായവയെല്ലാം പുഴയിൽ പതിച്ചു.

കെട്ടിടത്തിന്റെ തറ ഇടിഞ്ഞതാണു. ഭിത്തിയും ഒരു ഭാഗം തകർന്നു. പി.കെ.എസ്. ബാബുവിന്റെ ചായ് ചൗക്ക് എന്ന ഹോട്ടലാണ് തകർന്ന് വലിയ നഷ്‌ടം നേരിട്ടത്.

മണ്ണിടിച്ചിൽ ഭീതിയിൽ ആറ്റുപുറം ഉന്നതിയിലെ കുടുംബങ്ങൾ

മുക്കം : ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ മുക്കം നഗരസഭയിലെ ആറ്റുപുറം ഉന്നതിയിലെ ഏഴുവീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഉന്നതിയിലെ സജ്‌ന ഷമീറിന്റെ മുറ്റവും വഴിയും ചേർന്ന ഭാഗത്ത് വലിയ വിള്ളലുണ്ടായതാണ് കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലുള്ള ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരിക്കുകയാണ്.

ഒരാഴ്ച മുൻപാണ് മുറ്റവും വഴിയും ചേർന്ന ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ ഭിന്നശേഷിക്കാരനായ കുട്ടി ഉൾപ്പടെയുള്ള സജ്‌നാ ഷെമീറിന്റെ കുടുംബത്തിന് പുറത്തിറങ്ങാൻപറ്റാത്ത സാഹചര്യമായി. വിള്ളൽ വന്നതോടെ ശക്തമായ മഴയുള്ള രാത്രിസമയങ്ങളിൽ ഉറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണെന്ന് തൊട്ടു താഴത്തെ വീട്ടിൽ താമസിക്കുന്ന മുഹമ്മദ് പറഞ്ഞു. ഉന്നതിയിലെ മറ്റുവീടുകളുടെ മുറ്റവും വഴിയുമെല്ലാം ഇടിഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് അധികൃതർ മണ്ണെടുത്ത് മാറ്റി, സുരക്ഷാഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് വീട്ടുകാർ പറഞ്ഞു.

ആറ്റുപുറം ഉന്നതിയിൽ വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

ചരിഞ്ഞ പ്രദേശമായതിനാലും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാത്തതുമാണ് മണ്ണിടിച്ചിലിന് കാരണമെന്നും വലിയ അപകടഭീഷണിയാണ് സ്ഥലത്തുള്ളതെന്നും ഫയർ ഓഫീസർ ഇ.കെ. സലീം പറഞ്ഞു.

വിള്ളൽവീണ ഭാഗങ്ങൾ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയതിനാൽ താത്കാലിക ആശ്വാസമുണ്ട്. പക്ഷേ, ശക്തമായ മഴപെയ്താൽ വീട്ടുകാരെ മാറ്റിത്താമസിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതിയിലെ മണ്ണിടിച്ചിൽ ഭീഷണിയുള്ള എല്ലാ വീടുകളും ഉദ്യോഗസ്ഥർ സന്ദർശിച്ചു.