കോഴിക്കോട്: ബേപ്പൂർ ഗസൽധാര സ്ഥാപകൻ സ്റ്റർലിംഗ് ലത്തീഫ് അന്തരിച്ചു. കല്ലായി സ്വദേശിയായ ലത്തീഫ് ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത് . ഗസൽധാര എന്ന സംഗീത ക്ലബ്ബിന്റെ രൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ചയാളാണ് ലത്തീഫ്. ബാബുരാജ് പാടുന്നു എന്ന കാസറ്റ് പുറത്തിറക്കിയതും ലത്തീഫിൻ നേതൃത്വത്തിലാണ് . വി .എച്ച് .എം ലത്തീഫിന്റെ സ്റ്റെർലിംഗ് എന്ന ടൈലറിങ് ഷോപ്പിൽ നിരവധി കവികളും പാട്ട് എഴുത്തുകാരും ഗായകരും ഒത്തുകൂടാറുണ്ട് . സംഗീതത്തിനായി ജീവിതം മാറ്റിവെച്ച ലത്തീഫാണ് ഓർമയായത് . കോഴിക്കോട് കണ്ണംപറമ്പിൽ ഖബറടക്കം നടക്കും.
കോഴിക്കോടിന്റെ രാഗാർദ്രമായ സംഗീതത്തിന്റെ കാവൽക്കാരൻ എന്നാണ് ലത്തീഫിന് സംഗീത ലോകം നൽകുന്ന വിശേഷണം. എം.എസ് ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ തുടങ്ങിയവരുടെ സ്‌മരണകൾ ഉണർത്തി മുടങ്ങാതെ പാട്ടോർമ്മ നടത്തുന്നയാൾ . ലത്തീഫിന്റെ ഇടപെടലിലാണ് ബാബുരാജിന്റെയും അബ്ദുൽ ഖാദറിൻ്റെയും ഫോട്ടോകൾ കോഴിക്കോട് ടൗൺഹാളിൽ ഇടംപിടിച്ചത്.