നടുവണ്ണൂർ: ജപ്തി നടപടികൾക്കിടെ കൂത്താളി സ്വദേശിനിയായ വീട്ടമ്മ കവിത ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടമ്മയുടെ മൃതദേഹവുമായി നടുവണ്ണൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.

ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ആംബുലൻസിൽ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും ബാങ്കിന് മുന്നിൽ എത്തുകയായിരുന്നു. പ്രതിഷേധത്തിനിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരിലെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കവിതയും ഭർത്താവ് ബാബുവും ചേർന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നും വീടും സ്ഥലവും ഈടുനൽകി 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ 5 ലക്ഷം രൂപയോളം ഇവർ തിരിച്ചടച്ചിരുന്നു.

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് വായ്പാ ബാധ്യത പലിശയും മറ്റ് കുടിശ്ശികകളും ഉൾപ്പെടെ 50 ലക്ഷം രൂപയായി വർധിച്ചു. പിന്നീട് ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി ബാധ്യത 37 ലക്ഷം രൂപയായി കുറച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണമെന്നായിരുന്നു ബാങ്കിന്റെ ആവശ്യമെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാൽ തുക കണ്ടെത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ബാങ്ക് അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയും ജപ്തി നടപടികളും സൃഷ്ടിച്ച മാനസിക സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കടം എഴുതിത്തള്ളണമെന്നും കവിതയുടെ ആത്മഹത്യയിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും ബാങ്കിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. കളക്ടർ സ്ഥലത്തെത്തി ജപ്തിക്ക് പരിഹാരം കണ്ടെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു.