കൊയിലാണ്ടി: സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ സംയുക്ത പൊതുവിപണി പരിശോധന പന്തിരിക്കര - പേരാമ്പ്ര പ്രദേശങ്ങളിൽ നടത്തി. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ കടക്കാർക്ക് നോട്ടീസ് നൽകി. ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നതായും അളവ് തൂക്കം സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിരവധി ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശോധനയിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ എസ്.കെ സജിത, റേഷനിംഗ് ഇൻസ്പെക്ടർമാരായ എസ് സുനിൽ കുമാർ, കെ ബീന, എ.കെ സിദ്ദിഖ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷീജ അടിയോടി, ഉദ്യോഗസ്ഥരായ അനിൽ പ്രസാദ്, പ്രണീഷ് എന്നിവർ പങ്കെടുത്തു. 18 കടകൾ പരിശോധിച്ചതിൽ 14 ക്രമക്കേടുകൾ കണ്ടെത്തി നോട്ടീസ് നൽകി.
വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തത്, നിശ്ചിത അളവിൽ കുറവ് വരുത്തൽ, തൂക്ക ഉപകരണങ്ങളിൽ സീൽ ഇല്ലാത്തത്, അമിത വില ഈടാക്കൽ, പാക്കറ്റ് ഉൽപ്പന്നങ്ങളിൽ എംആർപി രേഖപ്പെടുത്താത്തത് തുടങ്ങിയ ക്രമക്കേടുകളാണ് പ്രധാനമായും കണ്ടെത്തിയത്.
ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുണ്ടോയെന്നും അളവിൽ കുറവുണ്ടോയെന്നും പ്രത്യേകം പരിശോധിച്ചു. ചില ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിച്ചിരുന്നില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നോട്ടീസും നൽകി.
നിശ്ചിത സമയത്തിനകം ക്രമക്കേടുകൾ പരിഹരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുവിപണിയിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
ഉത്സവകാലത്തും കലോത്സവ കാലത്തും വിപണിയിൽ വിലക്കയറ്റവും തൂക്കത്തിലെ കൃത്രിമവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരിശോധന കൂടുതൽ ശക്തമാക്കും. പൊതുജനങ്ങൾക്ക് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ താലൂക്ക് സപ്ലൈ ഓഫീസിലോ ലീഗൽ മെട്രോളജി ഓഫീസിലോ പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ ബിൽ വാങ്ങാനും അളവ് തൂക്കം പരിശോധിക്കാനും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.