തിരുവനന്തപുരം: ബാർ ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേട് ആരോപണം വിജിലൻസ് അന്വേഷിക്കും. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇന്നിറങ്ങും. വിജിലൻസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് സാധ്യത. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമീപിച്ചിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് ബാറുകൾക്ക് ലൈസൻസ് നൽകിയത്, ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപ്പന, ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ പരാതി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരിക.
വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതിലും ബാർ ലൈസൻസുകൾ അനുവദിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും വീര്യം കൂടിയ വൈൻ വിൽക്കാൻ മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു അനുമതി നൽകിയതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളത്തെ മേഖല റെസിഡൻസി ഉൾപ്പെടെയുള്ള ബാറുകൾക്ക് ലൈസൻസ് നൽകിയതിലാണ് പരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവു രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നൽകിയ റിപ്പോർട്ടിലും വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജോയിന്റ് എക്സൈസ് കമ്മീഷണർ വിനോദ് കുമാർ, ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരായ റിപ്പോർട്ടാണ് പരിശോധിക്കേണ്ടത്.