തിരൂർ: ആൺസുഹൃത്തിനെ ഒഴിവാക്കാനായി 19കാരിയായ കാമുകി ക്വട്ടേഷൻ കൊടുത്തതനുസരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കിയ കേസിൽ മൂന്ന് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ.
പട്ടാമ്പി സ്വദേശിനിയായ കാമുകി പനങ്ങാട്ടുതൊടി സഫാന (19), സുഹൃത്തുക്കളും തിരൂർ നോർത്ത് അന്നാര സ്വദേശിനികളും സഹോദരിമാരുമായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച പുലർച്ചെ തിരൂർ താഴെപാലത്ത് വച്ചാണ് ഇവരെ പിടികൂടിയത്.
സഹോദരിമാരായ യുവതികൾ എം.ഡി.എം.എ ഉപയോഗവുമായി ബന്ധപ്പെട്ട് എക്സൈസ് നിരീക്ഷണത്തിലുള്ളവരായിരുന്നു. ഇവരോടൊപ്പം എം.ഡി.എം.എ ഉപയോഗിക്കാനാണ് പട്ടാമ്പിക്കാരിയായ യുവതി തിരൂരിലെത്തിയതെന്ന് കരുതുന്നു.
യുവതിയെ തിരഞ്ഞാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി യുവാവ് ബൈക്കിൽ തിരൂരിലെത്തിയത്. യുവതിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് പ്രതികളും സഹോദരിമാരുടെ സുഹൃത്തുക്കളുമായ ഇർഷാദും അസറുദ്ദീനും ഇയാളെ ബൈക്കിൽ കയറ്റി പ്രതികളായ പെൺകുട്ടികൾ കാത്തുനിന്നിടത്ത് എത്തിച്ചു.
തുടർന്ന് കാറിൽകയറ്റി ക്രൂരമായി മർദ്ദിച്ചു. മൊബൈൽ ഫോൺ കവർന്ന ശേഷം, അവശനായ യുവാവിനെ റോഡരികിൽ തള്ളുകയായിരുന്നു.
പിടിയിലായ ഇർഷാദും അസറുദ്ദീനും മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളും മുമ്പ് ജയിലിൽ കിടന്നവരുമാണ്.