കണ്ണൂർ: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് ഷമീറാണ് (24) അറസ്റ്റിലായത്. മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജൂൺ 10ന് യൂട്യൂബ് ചാനലിൽ നാലു മണിക്കൂറോളം നീണ്ട ഒരു ലൈവിനിടെ മഞ്ചേരി സ്വദേശിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്ന തരത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നുമാണ് യൂട്യൂബർ തൊപ്പിക്കെതിരെയുള്ള കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമ വകുപ്പുകൾ എന്നിവ ചുമത്തിയാണ് മഞ്ചേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.