വടകര: മാഹിയിൽ നിന്നും വൻതോതിൽ ഡീസൽ കടത്തിയ ടാങ്കർ ലോറി പൊലീസ് പിടികൂടി. അനധികൃതമായി കടത്തിയ 12,000 ലിറ്റർ ഡീസലാണ് പിടികൂടിയത്. കേരളത്തിലെ പെട്രോൾ പമ്പിലേക്ക് മാഹി ഡീസൽ എത്തിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട് വടകര ചോറോട് സ്വദേശികളായ സഹോദരങ്ങളായ ഷിജീഷും വിജീഷുമാണ് പൊലീസ് പിടിയിലായത്. തലശ്ശേരി കുട്ടിമാക്കൂലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വലിയ ടാങ്കർ ലോറി പിടികൂടിയത്. മാഹിയിൽ പെട്രോളിനും ഡീസലിനും കേരളത്തിനെ അപേക്ഷിച്ച് വില കുറവാണ്. ഡീസൽ വിലയിൽ ലിറ്ററിന് ഏതാണ്ട് 12 രൂപയുടെ വ്യത്യാസമുണ്ട്.

തലശ്ശേരി എ.എസ്.പി നന്ദഗോപൻ ഐ.പി.എസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഡീസൽ എവിടേക്കാണ് കൊണ്ടുപോകുന്നത്, ആർക്കുവേണ്ടിയാണ് കടത്തിയത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. വരുംദിവസങ്ങളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.