തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മന്ത്രി തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. തിരുവനന്തപുരത്ത് തൊഴിലാളി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് പിൻവലിച്ചതെന്ന് മന്ത്രി സി പി ജോൺ പറഞ്ഞു.
വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കുമെന്നും ജനുവരി ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി പ്രതിനിധികൾ അറിയിച്ചു. കമ്മീഷൻ അന്വേഷണം നടത്തുമ്പോൾ ഓരോ യൂണിയനുകൾക്കും അവരവരുടെ നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാനാകും. ഓട്ടോ ഡ്രൈവർമാർക്ക് ഇ എസ് ഐ നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്നും പ്രതിനിധികൾ പറഞ്ഞു.
തൊഴിലാളി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് മന്ത്രി സി പി ജോൺ പ്രതികരിച്ചു. ഓട്ടോ ടാക്സി നിരക്കുകൾ 2022 ലാണ് പരിഷ്കരിച്ചതെന്നും ട്രേഡ് യൂണിയനുകളുടെ നിരക്ക് പരിഷ്കരണ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
പുതിയ നിരക്ക് പ്രാബല്യത്തിൽ വരാനുള്ള നടപടികൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഇ എസ് ഐ നൽകുന്ന കാര്യത്തിൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഡ്രൈവർമാർക്ക് വിശ്രമമുറി സൗകര്യം ഒരുക്കുന്നതിൽ ടൂറിസം ഡിപ്പാർട്ട്മെന്റുമായും ഹോട്ടൽ ഉടമകളുമായും സംസാരിച്ചു എന്നും മന്ത്രി പറഞ്ഞു.
ടൂവീലർ ടാക്സികൾ അനുവദനീയമാണെങ്കിലും മഞ്ഞ ബോർഡുകൾ അല്ലാതെ വെള്ള ബോർഡുകൾ വെച്ച് ടാക്സികൾ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത് കർശനമായി നിയന്ത്രിക്കാൻ തീരുമാനമായിട്ടുണ്ടെന്നും കമ്മീഷൻ അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.