തിരൂരങ്ങാടി: മോഷണം നടന്നെന്ന പരാതിയിൽ ട്വിസ്റ്റ്. വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനും സുഹൃത്തായ മറ്റൊരു പതിനേഴുകാരനുമടക്കം നാലുപേരെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്.

പുകയൂർ പാലമഠത്തിൽ പുതുപ്പറമ്പ് ഉബൈദ് (33), താനൂർ ഉണ്യാൽ ചക്കരമൂല സ്വദേശി കണ്ണംവളപ്പിൽ ഷുഹൈദ് (33) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനെയും സുഹൃത്തിനെയും ജുവൈനൽ നിയമപ്രകാരമാണ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് മോഷണം നടന്നുവെന്ന പരാതിയുമായി വീട്ടുടമസ്ഥൻ പോലീസിനെ സമീപിച്ചത്. പിന്നാലെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റു തെളിവുകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ യഥാർത്ഥത്തിൽ മോഷണം നടന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്.

അന്വേഷണത്തിൽ, വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകൻ സുഹൃത്തും ബന്ധുവുമായ വ്യക്തിയുടെ നിർബന്ധത്തിന് വഴങ്ങി മൂന്നുപവൻ സ്വർണാഭരണം നേരത്തെ വീട്ടിൽനിന്ന് എടുത്തുനൽകിയതായി പോലീസ് പറഞ്ഞു. ആ സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായതോടെ, കൂടുതൽ സ്വർണം വേണമെന്ന് ഭീഷണി തുടർന്നതായും അന്വേഷണത്തിൽ വ്യക്തമായി.

വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പതിനേഴുകാരനെക്കൊണ്ട് കൂടുതൽ സ്വർണവും പണവും വീട്ടിൽനിന്ന് എടുപ്പിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസം വീട്ടുകാരെയും പതിനേഴുകാരനെയും വിശദമായി ചോദ്യംചെയ്തതോടെയാണ് കേസിന്റെ ചുരുൾഴിഞ്ഞത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അന്വേഷണത്തിന് നേതൃത്വംനൽകിയ തിരൂരങ്ങാടി സി.ഐ. ബി. പ്രദീപ്കുമാർ അറിയിച്ചു.