കൊയിലാണ്ടി: നഗരത്തിലെ കടകളിൽ നിന്നും സി.എച്ച് സെന്ററിന്റെ സംഭാവനപ്പെട്ടി മോഷണം പോകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ഇന്നലെയും സമാനമായ മോഷണം നടന്നു. താഴെയങ്ങാടി റോഡിലുള്ള ഇനിയാക് ഡിജിറ്റൽ എന്ന കടയിലാണ് മോഷണം നടന്നത്.

കാൻസർ രോഗികൾക്കും ഡയാലിസിസ് രോഗികൾക്കും ചികിത്സാ സഹായം നൽകുന്നതിനായി കടകളിൽ സ്ഥാപിച്ചിട്ടുള്ള സംഭാവനപ്പെട്ടിയാണ് നഷ്ടപ്പെട്ടത്. മൂന്ന് യുവാക്കൾ കേബിൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തുകയായിരുന്നു. കേബിൾ എടുക്കുന്നതിനായി കടക്കാരന്റെ ശ്രദ്ധ തിരിഞ്ഞ സമയത്ത് സംഘത്തിലൊരാൾ കടയിലുണ്ടായിരുന്ന സംഭാവനപ്പെട്ടി എടുത്തുകൊണ്ട് കടന്നുകളയുകയായിരുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കടയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രാത്രി ഏഴരയ്ക്കും എട്ടിനും ഇടയിലാണ് മോഷണം നടന്നത്. മോഷണത്തിന് പിന്നിലുള്ളവരെ കണ്ട് പരിചയമുണ്ടെന്നും കടയിലെത്തിയിരുന്ന സമയത്ത് ഇവർ മദ്യപിച്ചതായി സംശയമുണ്ടെന്നും കടയുടമ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

നേരത്തെ, കൊയിലാണ്ടി സ്റ്റേഡിയം പരിസരത്തെ മെഡിക്കൽ സ്റ്റോറിലും സമാനമായ മോഷണം നടന്നിരുന്നു. സംഭാവനപ്പെട്ടിയായതിനാൽ മോഷണം അത്ര പെട്ടെന്ന് ശ്രദ്ധയിൽപ്പെടാറില്ല. നഗരം കേന്ദ്രീകരിച്ച് ഇത്തരത്തിൽ മോഷണം നടത്തുന്നവരെ എത്രയും പെട്ടെന്ന് പിടികൂടാൻ നടപടിയുണ്ടാവണമെന്നാണ് വ്യാപാരികളുടെ ആവശ്യം.