കോയമ്പത്തൂർ: വിപണിയിൽ ചെറിയ ഉള്ളി വില കുതിച്ചുയർന്ന് റെക്കോർഡ് നിലയിലെത്തി. വരവ് കുറഞ്ഞതോടെ മൊത്തവില കിലോയ്ക്ക് 180 രൂപയായും ചില്ലറവില 200 രൂപയായും ഉയർന്നതായി വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഒരു മാസമായി വിലക്കയറ്റം തുടരുകയാണ്. ഇതോടെ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.
സ്ഥിതി ഇങ്ങനെ തുടർന്നാൽ മൊത്തവിലയും 200 രൂപ കടക്കാൻ സാധ്യതയുണ്ടെന്ന് ടി.കെ മാർക്കറ്റ് പച്ചക്കറി വ്യാപാരി സംഘം വ്യക്തമാക്കി.
നിലവിൽ പല്ലടം, ആലാന്തുറ തുടങ്ങിയ ഭാഗങ്ങളിലെ ചുരുക്കം ചില വൻകിട കർഷകരുടെ പക്കൽ മാത്രമാണ് ചെറിയ ഉള്ളി സ്റ്റോക്കുള്ളത്. തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും എത്തുന്ന ഉള്ളിയുടെ വലിയ പങ്കും ഇവിടെ നിന്നാണെന്ന് വ്യാപാരികൾ പറയുന്നു.
ഡിസംബർ പകുതിയോടെ അടുത്ത വിളവെടുപ്പ് തുടങ്ങുമ്പോഴേ വിലയിൽ കുറവ് പ്രതീക്ഷിക്കാനാകൂ. അതുവരെ വിപണിയിലെ സമ്മർദം തുടരാനാണ് സാധ്യത.
ചെറിയ ഉള്ളിക്കൊപ്പം സവാളയുടെയും വെളുത്തുള്ളിയുടെയും വിലയും ഉയർന്നിട്ടുണ്ട്. സവാളയുടെ മൊത്തവില കിലോയ്ക്ക് 60 രൂപയായി. ദീപാവലിക്ക് ശേഷം മഹാരാഷ്ട്രയിൽ വിളവെടുപ്പ് സജീവമായതിനാൽ അടുത്ത ആഴ്ചയോടെ വരവ് കൂടുകയും വില 40 രൂപയിലേക്ക് താഴുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ഒന്നാംതരം വെളുത്തുള്ളിയുടെ മൊത്തവില കിലോയ്ക്ക് 300 രൂപയായി കുത്തനെ ഉയർന്നതായും വിപണി വൃത്തങ്ങൾ പറയുന്നു. ചെറിയ ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ വിലക്കയറ്റം അടുക്കള ചെലവ് കൂട്ടുമെന്ന ആശങ്കയാണ് ഉപഭോക്താക്കൾക്കുള്ളത്.