തിരുവനന്തപുരം: പെട്രോൾ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാൻ സംസ്ഥാനത്ത് ഇന്ന് മുതൽ പരിശോധന. പമ്പുകൾ, ഇന്ധനം എത്തിക്കുന്ന വാഹനങ്ങൾ എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. ഒരു ലിറ്ററിന്റെ ആറ് സാമ്പിളുകൾ വീതമാണ് ശേഖരിക്കുക.
രണ്ട് എണ്ണം പരിശോധനക്കായി ലാബിലേക്ക് അയക്കും. രണ്ടെണ്ണം സീൽ ചെയ്ത് പെട്രോൾ പമ്പിലും, മറ്റ് രണ്ടെണ്ണം സിവിൽ സപ്ലൈസ് ഗോഡൗണിലും സൂക്ഷിക്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന നടക്കുക. ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
അതേസമയം, കർണാടകയിൽ വിതരണം ചെയ്ത പെട്രോളിൽ അളവിൽ കവിഞ്ഞ് എഥനോൾ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.