കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിങ്ങിന് മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
നേരത്തെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തിരുന്നു.
ഫോർട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയിലായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുക, രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ലഹള ഉണ്ടാക്കാൻ ശ്രമിക്കുക എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഫോർട്ട് കൊച്ചിയിലെ 'കാശി' എന്ന കഫെയെ കേന്ദ്രീകരിച്ചായിരുന്നു അമൃത് സിങ്ങിന്റെ വിവാദ പ്രചാരണം. ഹൈന്ദവ മതവിഭാഗത്തിന്റെ പുണ്യസ്ഥലത്തിന്റെ പേരുള്ള ഈ ആർട്ട് കഫെയിൽ ബീഫ് വിൽക്കുന്നുണ്ടെന്നും, പ്രസ്തുത പ്രദേശത്ത് മുസ്ലിം മതവിഭാഗങ്ങൾ കൂടുതലായി വസിക്കുന്നതുകൊണ്ടാണ് ഇതെന്നും വീഡിയോയിൽ അമൃത് സിങ് ആരോപിച്ചിരുന്നു.
കൂടാതെ, കഫെയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയോടൊപ്പം ജിന്നയുടെ വെള്ളി പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്ന് തെറ്റായ രീതിയിൽ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ യൂട്യൂബറുടെ വീഡിയോ പിന്തുണച്ച് കമന്റ് ചെയ്തിരുന്നു. 'sad reality' എന്ന് കമന്റ് ചെയ്തത് ഏറെ വിവാദമായിരുന്നു.
വീഡിയോ വ്യാപകമായതോടെ ഇരുമതവിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉളവാക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ഇടയാക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഭാരതീയ ന്യായ സംഹിത (BNS) 353(2), 192 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.